ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത യോഗത്തിലാണ് നവംബർ 10നകം എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

മരാമത്ത് ജോലികളുടെ ഗുണനിലവാരം ഉൾപ്പെടെ പരിശോധിക്കും. എങ്ങനെയെങ്കിലും ജോലികൾ പൂർത്തിയാക്കിയാൽ മതിയെന്ന സമീപനം അംഗീകരിക്കില്ലെന്നും നിർമാണപ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശബരിമലയിൽ അരവണയുടെയും അപ്പത്തിൻ്റെയും കരുതൽശേഖരം ഒരുക്കുന്നതിനുള്ള നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

വെർച്വൽ ക്യൂ ബുക്കിങ്ങിൻ്റെ എണ്ണം സംബന്ധിച്ച അന്തിമ തീരുമാനം പൊലീസുമായി ആലോചിച്ച ശേഷമായിരിക്കും എടുക്കുക. തീർഥാടകരുടെ തിരക്കും സുരക്ഷയും കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

അതേസമയം, പമ്പയിൽ തമിഴ്‌നാട്ടിൽനിന്ന് സൗജന്യമായി വിതരണം ചെയ്ത മുണ്ടുകൾ ഇരുമുടിക്കെട്ട് കേന്ദ്രത്തിലെത്തിയ സംഭവത്തിൽ തനിക്ക് എന്ത് ചെയ്യാനാകുമെന്ന് കെ.ജയകുമാർ ചോദിച്ചു. ദേവസ്വം ബോർഡിൻ്റെ കെട്ടുനിറ കേന്ദ്രത്തിലാണ് തമിഴ്‌നാട്ടിലെ റേഷൻ കടകൾ വഴി സൗജന്യമായി വിതരണം ചെയ്ത മുണ്ടുകൾ എത്തിയതെന്നാണ് വിവരം. സംഭവത്തിൽ അഴിമതിയുണ്ടെന്നും അന്വേഷണം നടത്തണമെന്നും തമിഴ്‌നാട്ടിൽനിന്നുള്ള തീർഥാടകർ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Posts