ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി.അനുപമയെ മാറ്റി. മന്ത്രി സി.പി.ജോണിൻ്റെ ഓഫീസുമായുള്ള ഭിന്നതയെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡി.ബാലമുരളിയെ പുതിയ ഗതാഗത സെക്രട്ടറിയായി നിയമിച്ചു. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ഏവിയേഷൻ, മെട്രോ, റെയിൽവേ മേഖലകളുടെ മുഴുവൻ സമയ അധിക ചുമതലയും അവർക്കു നൽകി. ഗതാഗത കമ്മീഷണർ നാഗരാജുവിനെ നേരത്തേ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സെക്രട്ടറി സ്ഥാനത്തുനിന്നും അനുപമയെ മാറ്റിയത്.

ഡി.ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിൻ്റെ സ്പെഷ്യൽ സെക്രട്ടറി ചുമതലയും ഏവിയേഷൻ, മെട്രോ, റെയിൽവേ മേഖലകൾ ഒഴികെയുള്ള ഗതാഗത വകുപ്പിൻ്റെ അധിക ചുമതലയും നൽകി. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ, മാനേജിങ് ഡയറക്ടർ പദവികളും അദ്ദേഹത്തിനായിരിക്കും. അതേസമയം, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫിനെ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയിൽനിന്ന് ഒഴിവാക്കി.

Related Posts