നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും. പ്രതിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. അമിതവേഗത്തിൽ കാറോടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നാലെയാണ് സുഹൈലിനെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത്. പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും സഹതടവുകാർ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സൂപ്രണ്ടിൻ്റെ അപേക്ഷ.
എന്നാൽ, സുരക്ഷാ ഭീഷണിയുണ്ടെന്നതിന് തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും പ്രതി തന്നെ ഇത്തരമൊരു ആശങ്ക ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഭാവിയിൽ സുരക്ഷാ ഭീഷണിയുണ്ടായാൽ ജയിൽ മാറ്റത്തിനായി വീണ്ടും അപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി.