പത്തനംതിട്ട പുളിക്കീഴിൽ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയായ മഞ്ജു എന്ന നാടോടി സ്ത്രീയെ മൂന്ന് വർഷത്തിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. 2023 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം.
കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കാമുകനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് മഞ്ജു പൊലീസിന് നൽകിയ മൊഴി. മഞ്ജുവും കാമുകനും ഒരുമിച്ചുള്ള സമയങ്ങളിൽ കുഞ്ഞ് കരഞ്ഞത് ശല്യമായതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ചങ്ങനാശ്ശേരിയിലാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എസ്.സി. പ്രമോട്ടർ മുഖേന പാലക്കാട് പൊലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർന്ന് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃത്യത്തിൽ പങ്കുള്ള കാമുകനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.