സർക്കാർ ഉദ്യോഗസ്ഥർ നിശ്ചയിച്ച ആസ്ഥാനങ്ങളിൽ താമസിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർണാടകയിൽ ജിയോഫെൻസിങ് അടിസ്ഥാനമാക്കിയുള്ള രാത്രി ഹാജർ സംവിധാനം നടപ്പാക്കുന്നു. ‘കർത്തവ്യ’ മൊബൈൽ ആപ്പ് വഴിയുള്ള സംവിധാനം നവംബർ ഒന്നുമുതൽ താലൂക്ക് ആശുപത്രികളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും (പിഎച്ച്സി) ഡോക്ടർമാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.
രാത്രി ഒൻപതിന് ശേഷം ദിവസവും ആപ്പിലൂടെ ഹാജർ രേഖപ്പെടുത്തണം. ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുള്ള പട്ടണം, നഗരം, ഗ്രാമം എന്നിവയുടെ ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളിൽത്തന്നെ ഉണ്ടായിരിക്കണം. അനുമതിയില്ലാതെ നിശ്ചിത ആസ്ഥാനത്ത് താമസിക്കാത്തവർക്കെതിരെ ചട്ടപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കും. ഒക്ടോബർ 17ന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അംഗീകൃത അവധിയിലുള്ളവർ, മേലധികാരികളുടെ അനുമതിയോടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ആസ്ഥാനത്തിന് പുറത്തുപോകുന്നവർ, മുൻകൂർ അനുമതി നേടിയവർ എന്നിവരെ ഹാജർ നിർബന്ധത്തിൽനിന്ന് ഒഴിവാക്കും. എന്നാൽ ഇതിൻ്റെ കാരണം ആപ്പിൽ രേഖപ്പെടുത്തണം. കമ്മിഷണർമാരും ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരും പ്രതിമാസം രാത്രി ഹാജർ റിപ്പോർട്ടുകൾ പരിശോധിക്കണം.
സർക്കാർ ജീവനക്കാർ നിശ്ചിത ആസ്ഥാനങ്ങളിൽ താമസിക്കാതെ ദൂരസ്ഥലങ്ങളിൽനിന്ന് ഭരണപരമായ ജോലികൾ നിർവഹിക്കുന്നതായി ഉപലോകായുക്തയുടെ നടപടികളിൽ കണ്ടെത്തിയിരുന്നു. ഇതുമൂലം ഔദ്യോഗിക ജോലികൾ വൈകുന്നതായും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം.