കല്പറ്റ പോലീസ് സ്റ്റേഷനിൽ വെച്ച് അമ്പലവയൽ നെല്ലാറച്ചാൽ പുതിയപാടിയിലെ ഗോകുൽ തിൻ്റെ പ്രേരണ തിരഞ്ഞ് പോലീസ്. പോലീസ് 31-ന് വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത് പിന്നീട് ഒരുരാത്രി പോലീസ് സ്റ്റേഷനിൽത്തന്നെ കഴിഞ്ഞ കുട്ടിയെ വീട്ടുകാർ എത്തും മുൻപ്‌ പെട്ടെന്ന് ആത്മഹത്യയിലേക്ക് നയിച്ചതെന്തെന്നത് വിശദീകരിക്കലായിരിക്കും പോലീസ് അന്വേഷണത്തിൽ നിർണായകമാവുക.

കുട്ടി മുൻപും ആത്മഹത്യാപ്രവണത കാണിച്ചിരുന്നുവെന്ന് ന്യായീകരിക്കാനുള്ള ശ്രമമാണ് പോലീസിൽ നിന്ന് ഉയരുന്നത്. കുട്ടിയുടെ കൈയിൽ ബ്ലേഡുകൊണ്ട് കോറിയതിന് സമാനമായ മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. പോലീസ് ഇതിൻ്റെ ചുവടുപിടിച്ച് കുട്ടിയുടെ നവമാധ്യമ അക്കൗണ്ടുകളടക്കം പരിശോധിച്ചിട്ടുണ്ട്. കുട്ടിയുടെ ചില ചിത്രങ്ങൾ തെളിവായും ശേഖരിച്ചിട്ടുണ്ട്. കുട്ടി ആത്മഹത്യാപ്രവണത കാണിച്ചിരുന്നോയെന്ന് ബന്ധുക്കൾക്കിടയിൽ ഉൾപ്പെടെ അന്വേഷിച്ചിട്ടുണ്ട്.

എന്നാൽ, കൗമാരപ്രണയത്തിൻ്റെ ഭാഗമായുള്ള ചപലതകൾക്കപ്പുറത്തേക്ക് വലിയൊരു മുറിവുപോലും കുട്ടിക്കുണ്ടായിരുന്നില്ലെന്നാണ് അടുപ്പമുള്ളവർ വിശദീകരിക്കുന്നത്. പെൺസുഹൃത്തിൻ്റെ പേര് കൈയിലെഴുതാൻ ശ്രമിച്ചതായി മാത്രമാണ് വിവരം. ഇതും ആയുധമുപയോഗിച്ചല്ലെന്നാണ് കുട്ടിയോട് അടുപ്പമുള്ളവർ പറയുന്നത്. കുട്ടിക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദനമേറ്റിട്ടില്ലെന്ന് തെളിഞ്ഞതായാണ് സൂചന. ഇതിൽ ഉദ്യോഗസ്ഥർക്ക് ആശ്വസിക്കാമെങ്കിലും കുട്ടിയെ മാനസികമായി മുറിവേൽപ്പിക്കുന്ന രീതിയിൽ ഇടപെടലുണ്ടായോ എന്ന് വിശദീകരിക്കേണ്ടിവരും.

കുട്ടിയെ ആരെങ്കിലും വേദനിപ്പിക്കും വിധം ശകാരിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തോ എന്നതു കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. അത്തരത്തിലുള്ള സംസാരമാണോ ആത്മഹത്യക്ക് പ്രേരണയായതെന്നും അന്വേഷിക്കും. സംസ്ഥാന ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുക. ഉത്തരവിറങ്ങിയെങ്കിലും ടീമിനെ നിശ്ചയിച്ചിട്ടില്ല. ഫയലുകളും കൈമാറിയിട്ടില്ല. അടുത്തദിവസം തന്നെ സംസ്ഥാന ക്രൈംബ്രാഞ്ച് ടീമിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറും.

Related Posts