സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കത്തിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മരുമകനും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും മുഖ്യമന്ത്രിയെന്ന നിലയിൽ സി.എം.ആർ.എൽ കമ്പനിക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം നൽകിയതായി ഇഡി കത്തിൽ പറയുന്നില്ലെന്നുമാണ് ഹർജിക്കാരുടെ വാദം. എന്നാൽ അപ്പീൽ നിലനിൽക്കില്ലെന്നാണ് വിജിലൻസിൻ്റെ നിലപാട്. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കളായ വാരിഷ്, ഷൈജൽ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.
സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയൻ്റെ സ്വാധീനം ഉപയോഗിച്ച് കൃത്രിമ ഇടപാടുകൾ നടന്നുവെന്നാണ് എഫ്.ഐ.ആറിലെ ആരോപണം. അന്യായമായ സാമ്പത്തിക നേട്ടത്തിനായി മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ അധികാരം ദുരുപയോഗം ചെയ്തെന്നും പിണറായി വിജയനും വീണയും എക്സാലോജിക്കും ചേർന്ന് ഗൂഢാലോചന നടത്തിയെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ ആരോപണങ്ങൾ. വ്യക്തിപരവും രാഷ്ട്രീയവുമായ സ്വാധീനം ഉപയോഗിച്ചാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.