യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ യുവാവിനെ കല്ലുകൊണ്ട് മർദിച്ചുകൊലപ്പെടുത്തി. പെരിയവിള സ്വദേശി എയ്ഞ്ചൽ (26) ജീവനൊടുക്കിയതിന് പിന്നാലെയാണ് പ്രദേശവാസിയായ ആന്റണിരാജ് (33) കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളായ അഞ്ച് പേരെ കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തു.

നാഗർകോവിലിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന എയ്ഞ്ചലിനെ മണ്ണുമാന്തി യന്ത്രത്തിൻ്റെ ഡ്രൈവറായ ആന്റണിരാജ് പ്രണയാഭ്യർഥന നടത്തി നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് ആന്റണിരാജിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാൾ ശല്യം തുടർന്നതായാണ് വിവരം.

ഞായറാഴ്ച രാത്രി എയ്ഞ്ചലിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആന്റണിരാജിനെ യുവതിയുടെ ബന്ധുക്കൾ കല്ലുകൊണ്ട് മർദിച്ചുകൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെരിയവിള സ്വദേശികളായ ബെവിൻ (26), ബെനിഷ് (25), വിനീഷ് (22), രവി സെൽവൻ (56), യേശുനേശ സെൽവൻ (58) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related Posts