യുഡിഎഫ് സർക്കാരിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ശ്രദ്ധ നേടിയ വാഹന മോഡിഫിക്കേഷന് സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ അനുമതി. മോട്ടോർ വാഹന വകുപ്പിൻ്റെ മുൻകൂർ അനുമതിയോടെ ഏഴ് തരത്തിലുള്ള രൂപമാറ്റങ്ങൾ വരുത്താനാണ് സർക്കാർ ഉത്തരവ്.
ഗതാഗത കമ്മിഷണർ ജി. സ്പർജൻ കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എഞ്ചിൻ, ഷാസി, പ്രൊപ്പൽഷൻ സംവിധാനം എന്നിവയിൽ മാറ്റം വരുത്തുന്നതിനും വാഹനങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുമാണ് അനുമതി. എല്ലാ മാറ്റങ്ങൾക്കും രേഖാമൂലം മുൻകൂർ അനുമതി വാങ്ങണം.
വാഹനത്തിൻ്റെ നിറം മാറ്റാനും അനുമതിയുണ്ട്. എന്നാൽ രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതി വാങ്ങി മാറ്റം ആർസിയിൽ രേഖപ്പെടുത്തണം. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം നിരോധിച്ച നിറങ്ങൾ ഉപയോഗിക്കാനും പാടില്ല. അതേസമയം ലൈറ്റ്, ഹോൺ എന്നിവ മാറ്റുന്നതിനും സൺ ഫിലിം ഉപയോഗിക്കുന്നതിനും പുതിയ ഉത്തരവിൽ അനുമതി നൽകിയിട്ടില്ല. വാഹന മോഡിഫിക്കേഷന് അനുമതി നൽകിയെങ്കിലും നിബന്ധനകളോടെയാണ് സർക്കാർ തീരുമാനം.