പ്രധാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജിയാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും പൊലീസ് വിട്ടയച്ചു. പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെ പൊലീസ് ബലംപ്രയോഗിച്ച് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. രാഹുലിനെ ബാരാഖംബ പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തി. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ വിട്ടയച്ചത്.

റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എംപി എ.എ. റഹീം തുടങ്ങിയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

രാഹുൽ ഗാന്ധിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിന് പിന്നാലെ വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് സ്റ്റേഷന് പുറത്ത് തടഞ്ഞുവെച്ചിരുന്നു. പിന്നീട് ഇവരെ സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിച്ചു. സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയും ചെയ്തു.

ഗ്യാനേഷ് കുമാറിൻ്റെ രാജിയും തിരഞ്ഞെടുപ്പ് നടപടികളിലെ സുതാര്യതയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്. സംഭവത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷ നേതാക്കളുടെ നീക്കം.

Related Posts