മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ദിവേഗർ കടൽത്തീരത്തുണ്ടായ ദുരന്തത്തിൽ പുനെയിൽ നിന്നുള്ള എട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ശക്തമായ തിരമാലയിലും കടലൊഴുക്കിലുംപെട്ടാണ് വിദ്യാർഥികൾ മുങ്ങിമരിച്ചത്. പുനെയിലെ ആലന്ദിയിൽ പ്രവർത്തിക്കുന്ന വിന്നേഴ്സ് അക്കാദമി എന്ന സ്വകാര്യ കോച്ചിങ് സെന്ററിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

48 അംഗ വിനോദയാത്രാ സംഘമാണ് ദിവേഗറിൽ എത്തിയത്. 25 ആൺകുട്ടികളും 17 പെൺകുട്ടികളും ആറ് അധ്യാപകരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വൈകിട്ട് 5.30ഓടെ കടൽത്തീരത്തെത്തിയ സംഘത്തിലെ എട്ട് വിദ്യാർഥികൾ കുളിക്കാനായി കടലിലിറങ്ങുകയായിരുന്നു. ഇതിനിടെ ശക്തമായ തിരമാലയിൽപ്പെടുകയും കടലൊഴുക്കിൽപ്പെട്ട് മുങ്ങിപ്പോവുകയുമായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദിവേഗറിലെ വാട്ടർ സ്പോർട്സ് ഉടമയും സംഘവും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് എട്ട് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കായി മാറ്റി.

Related Posts