കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ശിവമോഗ ജില്ലയിലെ ജോഗ് വെള്ളച്ചാട്ടത്തെ വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസം കേന്ദ്രമാക്കി മാറ്റാൻ കൂടുതൽ വികസന പ്രവർത്തനങ്ങളുമായി ടൂറിസം വകുപ്പ്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിൻ്റെ പൂർണ സൗന്ദര്യം ആസ്വദിക്കാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. എന്നാൽ മറ്റു കാലങ്ങളിലും വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുകയാണ് പുതിയ വികസന പദ്ധതികളുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി വെള്ളച്ചാട്ടത്തിൻ്റെ മുകൾഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്ത് വർഷത്തിലെ വിവിധ സമയങ്ങളിൽ നിശ്ചിത മണിക്കൂറുകളിൽ വെള്ളം താഴേക്ക് ഒഴുക്കാനുള്ള സംവിധാനമാണ് പ്രധാനമായും പരിഗണിക്കുന്നത്. ഇതിനായി ആവശ്യമായ ജലത്തിൻ്റെ അളവ്, പമ്പിങ് ശേഷി, വൈദ്യുതി ഉപഭോഗം, പ്രവർത്തനച്ചെലവ്, ദീർഘകാല സാമ്പത്തിക സാധ്യതകൾ എന്നിവ വിശദമായി പഠിക്കാൻ മന്ത്രി കെ.ജെ. ജോർജ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പദ്ധതി നടപ്പാക്കുന്നതിന് കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ് (കെ.പി.സി.എൽ), കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെ.ഇ.ആർ.സി) എന്നിവയുടെ അനുമതികൾ വേഗത്തിലാക്കാനും നിർദേശിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ വൈദ്യുതി ലഭ്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കാൻ സൗരോർജം, പമ്പ്ഡ് സ്റ്റോറേജ് സംവിധാനങ്ങൾ തുടങ്ങിയ ബദൽ മാർഗങ്ങളും പരിശോധിക്കും.

സഞ്ചാരികളുടെ സുരക്ഷയ്ക്കും പ്രത്യേക പരിഗണന നൽകും. വെള്ളച്ചാട്ടം കാണാനെത്തുന്നവർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം നിയന്ത്രിത സമയങ്ങളിൽ മാത്രമായി പ്രവേശനം ക്രമീകരിക്കുന്നതും പരിഗണനയിലുണ്ട്. വൈകിട്ട് അഞ്ചോ ആറോ മണിക്ക് ശേഷം സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കാനും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതികൾ വേഗത്തിൽ ലഭ്യമാക്കാനും മന്ത്രി നിർദേശിച്ചു.

ജോഗ് മാനേജ്‌മെന്റ് അതോറിറ്റിയും ജംഗിൾ ലോഡ്ജസ് ആൻഡ് റിസോർട്ട്‌സും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ ഉറപ്പാക്കിയ ശേഷമായിരിക്കും തുടർനടപടികൾ.

Related Posts