തൃശൂരിൽനിന്ന് മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി കോയമ്പത്തൂരിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ തമിഴ്നാട് സ്വദേശികളായ അഞ്ച് പേർ അറസ്റ്റിൽ. തിരുപ്പൂർ സ്വദേശിനി ദേവി, കോയമ്പത്തൂർ സ്വദേശികളായ തോമസ്, പാൽരാജ്, ശങ്കർ, പഴനി സ്വദേശി രഘുപതി എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ എ.സി.പി. ടി.ആർ. രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ സ്ഥലങ്ങളിൽനിന്നായി പ്രതികളെ പിടികൂടിയത്.
കോയമ്പത്തൂർ, തിരുപ്പൂർ, പഴനി, എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസിലെ പ്രധാന പ്രതിയായ തോമസിനെ നെടുമ്പാശേരിയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭർത്താവിനെയും കാമുകിയെയും പിടികൂടുന്നതിനായി ദേവി ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ.
കഴിഞ്ഞ മാസം 22നാണ് സംഭവങ്ങളുടെ തുടക്കം. തമിഴ്നാട് സ്വദേശിയും ടാക്സി ഡ്രൈവറുമായ ഗുണശേഖരനും നിലമ്പൂർ സ്വദേശിനിയായ 38കാരിയും തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. പണം ആവശ്യപ്പെട്ട് ഗുണശേഖരൻ സുഹൃത്തായ പാൽരാജിന് ലോഡ്ജിലെ ക്യുആർ കോഡ് അയച്ചുനൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഗുണശേഖരന് ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്ന പാൽരാജ് ക്യുആർ കോഡ് ഗുണശേഖരൻ്റെ ഭാര്യയായ ദേവിക്ക് കൈമാറുകയായിരുന്നു. തുടർന്ന് ഭർത്താവിനെയും യുവതിയെയും തൃശൂരിലെത്തി പിടികൂടാൻ ദേവി തോമസിൻ്റെ സഹായം തേടി.
രണ്ട് വാഹനങ്ങളിലായി തൃശൂരിലെത്തിയ സംഘം തമിഴ്നാട് പൊലീസാണെന്ന് പരിചയപ്പെടുത്തി ലോഡ്ജിൽ കയറി ഗുണശേഖരനെയും യുവതിയെയും മർദിച്ച് വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയെന്നാണ് കേസ്. തുടർന്ന് ഇരുവരെയും തിരുപ്പൂരിലെത്തിച്ച് ആളൊഴിഞ്ഞ വീട്ടിൽ വീണ്ടും മർദിച്ചു. പിന്നീട് ഇരുവരെയും വ്യത്യസ്ത വാഹനങ്ങളിലാക്കി കൊണ്ടുപോയി.
യുവതിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയതിന് പിന്നാലെ തോമസും രഘുപതിയും ചേർന്ന് പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. അവശനിലയിലായ യുവതിയെ പ്രതികൾ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് അവരുടെ കണ്ണുവെട്ടിച്ച് അവിടെനിന്ന് രക്ഷപ്പെട്ട യുവതി നിലമ്പൂരിലെത്തി ചികിത്സ തേടുകയായിരുന്നു. സംഭവത്തിൽ ആദ്യം നിലമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് സംഭവസ്ഥലം പരിഗണിച്ച് കേസ് തൃശൂരിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണം തുടരുകയാണ്.