ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. കർണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ് അയച്ചത്. പോളിംഗ് ഓഫീസറുടെ രേഖയല്ല രാഹുൽ ഗാന്ധി കാണിച്ചത്. പിന്നെ രാഹുൽ കാണിച്ചത് ഏത് രേഖ എന്നും കമ്മീഷൻ ചോദിച്ചു. സത്യവാങ്മൂലം ഇതോടൊപ്പം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
രണ്ടു തവണ ശകുൻ റാണി വോട്ട് ചെയ്‌തതിന് എന്ത് തെളിവാണെന്നും കമ്മീഷൻ ചോദിച്ചു. അന്വേഷണം നടത്തിയപ്പോൾ ഒരു തവണ മാത്രമാണ് വോട്ട് ചെയ്‌തെന്ന് ശകുൻ റാണി അറിയിച്ചു. അതിനാൽ ആരോപണങ്ങൾ വ്യക്തമാക്കുന്ന രേഖകൾ രാഹുൽ ഗാന്ധി ഹാജരാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ചിട്ട് മൂന്ന് ദിവസമായിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലായിരുന്നു. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം പാലിക്കുന്നതിനെതിരെയും രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.