സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ഓഫിസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫിസിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിലും തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിലും സുരേഷ് ഗോപിക്കെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് നീക്കം.
ഓഫിസിന് പ്രതിപക്ഷ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയത്. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാക്കി കോൺഗ്രസും എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാറും രംഗത്തെത്തിയിരുന്നു. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സ്ഥിര താമസക്കാരല്ലാത്തവരെ വോട്ടർ പട്ടികയിൽ ചേർത്തുവെന്നാണ് ഇരു മുന്നണികളുടെയും ആരോപണം.