വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ നാലുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെന്നും ഇരുവരെയും ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും ജിബിടി ആശുപത്രി അധികൃതർ അറിയിച്ചു.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. ഏകദേശം അഞ്ച് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് പ്രദേശവാസികളും ബന്ധുക്കളും പറയുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് അപകടവിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് അറിയിച്ചു. ഉടൻ തന്നെ അഗ്നിരക്ഷാ സേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
രക്ഷാപ്രവർത്തകർ എത്തുന്നതിന് മുമ്പ് പ്രദേശവാസികൾ കോൺക്രീറ്റ് സ്ലാബുകൾ നീക്കി പരിക്കേറ്റവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ എത്തിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
സത്യനികേതനിലെ ഹോസ്റ്റൽ ദുരന്തത്തിന് ഒരു മാസത്തിന് ശേഷമാണ് ഡൽഹിയിൽ വീണ്ടും സമാനമായ കെട്ടിടാപകടം ഉണ്ടായത്.