മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യം’ പരമ്പരയുടെ ഹിന്ദി മൂന്നാം ഭാഗം ബോക്സ് ഓഫീസിൽ വൻ നേട്ടം സ്വന്തമാക്കിയതായി റിപ്പോർട്ട്. അജയ് ദേവ്ഗൺ നായകനായ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 407 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ പ്രദർശനങ്ങൾക്കു പിന്നാലെ തന്നെ മികച്ച പ്രതികരണമാണ് നേടിയത്. ആദ്യ വാരാന്ത്യത്തിൽ മികച്ച കളക്ഷൻ നേടിയ ചിത്രം തുടർന്നുള്ള ദിവസങ്ങളിലും നേട്ടം തുടരുകയായിരുന്നു. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽകിൻ്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് 312 കോടി രൂപയാണ് ചിത്രത്തിൻ്റെ ഗ്രോസ് കളക്ഷൻ. വിദേശ വിപണികളിൽ നിന്ന് 95 കോടി രൂപയും നേടി.
റിലീസിന് മുമ്പുതന്നെ വലിയ വാണിജ്യസാധ്യത കൽപ്പിക്കപ്പെട്ട ചിത്രത്തിന് അനുകൂലമായ പ്രേക്ഷക പ്രതികരണങ്ങൾ കൂടി ലഭിച്ചതോടെയാണ് കളക്ഷനിൽ കുതിപ്പുണ്ടായത്. ചിത്രത്തിന്റെ അന്തിമ കളക്ഷൻ എത്രയായിരിക്കുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാളം ‘ദൃശ്യം 3’ക്ക് ലഭിച്ചതിൽനിന്ന് വ്യത്യസ്തമായ പ്രേക്ഷക പ്രതികരണമാണ് ഹിന്ദി പതിപ്പിന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മലയാളം പതിപ്പിനേക്കാൾ മികച്ച അനുഭവമാണ് ഹിന്ദി ചിത്രം നൽകിയതെന്ന് ചില മലയാളി പ്രേക്ഷകരും സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നുണ്ട്.
അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിന് ആമിൽ കീയൻ ഖാനും പർവേസ് ഷെയ്ഖും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തബു, ശ്രിയ ശരൺ, ജയ്ദീപ് അഹ്ലാവത്, രജത് കപൂർ, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.