നടി അൻസിബ ഹസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. കേസ് പരിഗണിക്കുന്നതിനിടെ വിഷയത്തിൽ കോടതി വിമർശനപരമായ പരാമർശങ്ങളും നടത്തി. നിരവധി പൊതുപ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഇത്തരം വിഷയങ്ങൾ പരിഗണിക്കാനാണോ സമയമെന്നും, അമ്മ സംഘടനയ്ക്കായി പ്രത്യേക കോടതി തന്നെ വേണമല്ലോയെന്നും കോടതി പരിഹസിച്ചു.

അതേസമയം, ലക്ഷ്മിപ്രിയക്കെതിരായ കേസിൽ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ബി.എൻ.എസ് 74-ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ് കോടതിയെ അറിയിച്ചു. എഫ്.ഐ.ആർ തയ്യാറാക്കുന്നതിനിടെ ടൈപ്പിങ് പിഴവിനെ തുടർന്നാണ് വകുപ്പ് രേഖപ്പെടുത്താതെ പോയതെന്നായിരുന്നു നേരത്തെയുള്ള പൊലീസ് വിശദീകരണം. ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പ് ചുമത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ കോടതിയെ സമീപിക്കാനിരിക്കെയാണ് പൊലീസിൻ്റെ പുതിയ വിശദീകരണം.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന അൻസിബയുടെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് ലക്ഷ്മിപ്രിയക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ മാനനഷ്ടവുമായി ബന്ധപ്പെട്ട വകുപ്പുകൾ മാത്രം ഉൾപ്പെടുത്തി കേസെടുത്തത് നേരത്തെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പാലാരിവട്ടം എസ്.എച്ച്.ഒയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകാനും അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥന് കൈമാറണമെന്ന് ആവശ്യപ്പെടാനും അൻസിബ തീരുമാനിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

Related Posts