വീട്ടിൽനിന്ന് അളവിൽ കവിഞ്ഞ മദ്യം പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെതിരായ അന്വേഷണം കൂടുതൽ ശക്തമാക്കി എക്സൈസ്. ആന്റോയുടെ വാഴവറ്റയിലെ വീട്ടിൽ സ്ഥാപിച്ചിരുന്ന 22 നിരീക്ഷണ ക്യാമറകളിലെയും ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് എക്സൈസ് കണ്ടെത്തി. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആറും വീട്ടിൽനിന്ന് മാറ്റിയ നിലയിലാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
തെളിവുകൾ നശിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഡിവിആർ മാറ്റിയതെന്ന സംശയത്തിലാണ് എക്സൈസ്. ആന്റോയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇക്കാര്യം കണ്ടെത്തിയത്. മദ്യവുമായി ബന്ധപ്പെട്ട കേസിൽ നിർണായക തെളിവാകാവുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യം അന്വേഷണ സംഘം ഗൗരവമായി പരിശോധിക്കുകയാണ്.
അളവിൽ കവിഞ്ഞ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ ആന്റോയെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി 24 മണിക്കൂർ കസ്റ്റഡിയിൽ വിട്ടിരുന്നു. നാളെ ആന്റോയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തതും ഡിവിആർ മാറ്റിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.
വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും വീട്ടിൽനിന്ന് പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ ആന്റോ ആവർത്തിച്ചത്. വീട് ബാങ്ക് ജപ്തി ചെയ്തശേഷം സർഫാസി നിയമപ്രകാരം മറ്റൊരാൾ വാങ്ങിയതാണെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു.
താൻ മദ്യപിക്കുന്നയാളല്ലെന്നും പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിവില്ലെന്നും ആന്റോ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, വീട് ആന്റോയുടെ ഉടമസ്ഥതയിലാണെന്ന് തെളിയിക്കുന്ന കൂടുതൽ രേഖകളും തെളിവുകളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് എക്സൈസ്.
വാഴവറ്റയിലെ വീട്ടിൽ അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയും പുറത്തുവന്നു. വീടിൻ്റെ ഉടമസ്ഥാവകാശം, പിടിച്ചെടുത്ത മദ്യത്തിൻ്റെ ഉറവിടം, സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.