കേരളത്തിൽ തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് തുടരും. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മഴ ലഭിക്കുന്നതോടെ സംസ്ഥാനത്തെ ഉയർന്ന ചൂടിന് നേരിയ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും മുന്നറിയിപ്പുണ്ട്. 12ന് രാത്രി 11.30 വരെ തീരപ്രദേശങ്ങളിൽ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. ഉയർന്ന തിരമാലകൾ മൂലം തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Related Posts