സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ പ്രതിഫലം കിട്ടിയതായി ഇഡിയുടെ കണ്ടെത്തൽ. ജയസൂര്യയുടെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലാണ് പണം എത്തിയത്. തട്ടിപ്പിലെ പ്രധാന പ്രതിയായ സ്വാതിക് റഹ്മാൻ്റെ കമ്പനികളിൽ നിന്നാണ് പണം എത്തിയത്. ഇത് ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമാണെന്നാണ് ജയസൂര്യയുടെ മൊഴി.

അതേസമയം, ജയസൂര്യയുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം. നടനെ വീണ്ടും ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ തീരുമാനം. നടനോട് അടുത്തയാഴ്ച വീണ്ടും ഹാജരാകാനാണ് നിര്‍ദേശം. സാത്വികിന്‍റെ പരിചയത്തിൽ കൂടുതൽ സിനിമാക്കാരുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സാത്വികിന്‍റെ സിനിമാ ബന്ധങ്ങളിലും ഇഡി അന്വേഷിക്കും.

തൃശൂർ സ്വദേശിയായ സ്വാതിക് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയിൽ തന്നെ ആദ്യത്തേത് എന്ന വിശേഷണത്തോടെയെത്തിയ ഓൺലൈൻ ലേല ആപ്പാണിത്. സിനിമാതാരങ്ങളുമായി അടുത്ത ബന്ധമുള്ള സ്വാതിക് ജയസൂര്യയെയാണ് ആപ്പിൻ്റെ ബ്രാൻഡ് അംബാസിഡറായി ക്ഷണിച്ചത്. രണ്ട് കോടി രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. മറ്റുപല സിനിമാതാരങ്ങളും ആപ്പിൻ്റെ പ്രചാരണത്തിനായി പ്രവർത്തിച്ചിരുന്നു. 2023ലാണ് ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ പുറത്തുവന്നത്.

ജനുവരി ഏഴിന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ജയസൂര്യയ്ക്ക് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് നൽകിയിരിക്കുകയാണ്. കേസിൽ രണ്ട് പ്രാവശ്യം ചോദ്യംചെയ്തതാണ്. ഭാര്യ സരിതയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

Related Posts