പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഡ്രൈ ഡേ ആചരിക്കും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് സ്കൂളുകളിലും നാളെ സർക്കാർ ഓഫീസുകളിലും ശുചീകരണം നടത്തും. ഞായറാഴ്ച വീടുകൾ കേന്ദ്രീകരിച്ച് വിപുലമായ ശുചീകരണ യജ്ഞവും സംഘടിപ്പിക്കും. അതേസമയം, കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്നാണ് വിവരം. നിരീക്ഷണത്തിലുള്ള മൂന്ന് പേരുടെ പരിശോധനാഫലത്തിനായും ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്.
ഷിഗല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ സംസ്ഥാനത്ത് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഏകോപിത പ്രതിരോധ നടപടികൾ ശക്തമാക്കുന്നത്. ഇന്നലെയും 19 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു.
ഇതിനിടെ, എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ള 52-കാരിയുടെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. സൗത്ത് സുഡാനിൽ നിന്ന് എത്തിയ ഇവർ നിലവിൽ പ്രത്യേക ഐസൊലേഷൻ വാർഡിൽ ചികിത്സയിലും നിരീക്ഷണത്തിലുമാണ്. പൂനെയിലെ ദേശീയ ലാബിലേക്ക് അയച്ച സാമ്പിളിൻ്റെ ഫലം ലഭിച്ച ശേഷമേ രോഗബാധ സംബന്ധിച്ച് വ്യക്തത വരൂ.