ബാഗലൂരിലെ ബ്രിഗേഡ് എൽഡൊറാഡോ അപ്പാർട്മെൻറ് സമുച്ചയത്തിലെ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’ ഓണാഘോഷം വൈവിധ്യമാർന്ന കലാ, കായിക, സാംസ്കാരിക പരിപാടികളോടെ വർണാഭമായി. ബ്രിഗേഡ് എൽഡൊറാഡോയിലെ ആദ്യ ഓണാഘോഷമായ പരിപാടി മലയാളികൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താമസക്കാരെയും ഒരുമിപ്പിച്ച സാംസ്കാരിക സംഗമമായി മാറി.

ആഘോഷത്തിൻ്റെ മുഖ്യ ആകർഷണമായിരുന്നു അറുപതിലേറെ വനിതകൾ അണിനിരന്ന മെഗാ തിരുവാതിര. കേരളത്തിൻ്റെ തനത് പാരമ്പര്യവും കലാസൗന്ദര്യവും വേദിയിൽ അവതരിപ്പിച്ച തിരുവാതിരയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മാവേലിയുടെ അകമ്പടിയോടെ നടന്ന താലപ്പൊലി ഘോഷയാത്രയിൽ കഥകളി വേഷവിധാനങ്ങളും ശിങ്കാരിമേളവും കേരളീയ പാരമ്പര്യത്തിൻ്റെ മനോഹാരിത പകർന്നു. വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരവും പാരമ്പര്യ വേഷവിധാനങ്ങളും അവതരിപ്പിച്ച ‘കളേഴ്സ് ഓഫ് ഇന്ത്യ’ ഫാഷൻ ഷോയും ശ്രദ്ധേയമായി.

കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ കായിക മത്സരങ്ങളും ആവേശകരമായ വടംവലി മത്സരവും ആഘോഷത്തിന് കൂടുതൽ ഉണർവേകി. വിവിധ സംഘങ്ങളുടെ നൃത്ത-സംഗീത പരിപാടികൾ, നാടൻ കലാരൂപങ്ങൾ, പ്രത്യേക തെയ്യം നൃത്താവിഷ്കാരം, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി.

കേരളീയ പാരമ്പര്യത്തിൻ്റെ രുചി പകർന്ന വിഭവസമൃദ്ധമായ ഗ്രാൻഡ് ഓണസദ്യയും ആഘോഷത്തിൻ്റെ പ്രധാന ഭാഗമായി. കലയും കായികവും സംസ്കാരവും വിനോദവും സമന്വയിപ്പിച്ച ‘ആരംഭം 2026’ ബ്രിഗേഡ് എൽഡൊറാഡോയിലെ താമസക്കാർക്കിടയിൽ കൂട്ടായ്മയുടെയും സൗഹൃദത്തിൻ്റെയും സന്ദേശം പകർന്ന ശ്രദ്ധേയമായ ഓണാഘോഷമായി മാറി.

brigade2

Related Posts