ഏപ്രിലിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ തമിഴക വെട്രി കഴകം (ടിവികെ) ആദ്യ ഉപതെരഞ്ഞെടുപ്പ് പരീക്ഷണത്തിന് ഒരുങ്ങുന്നു. ഒക്ടോബർ 6ന് നടക്കുന്ന മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ടിവികെ പ്രഖ്യാപിച്ചു.
മധുരാന്തകത്ത് കെ. മരഗതം കുമാരവേലും ധാരാപുരത്ത് പി. സത്യഭാമയുമാണ് ടിവികെ സ്ഥാനാർഥികളായി മത്സരിക്കുക. ഏപ്രിൽ 23ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർഥികളായി വിജയിച്ച ഇരുവരും പിന്നീട് എംഎൽഎ സ്ഥാനം രാജിവച്ച് ടിവികെയിൽ ചേർന്നതോടെയാണ് ഇരു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ടിവികെ സ്ഥാപകനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് ഇരുവരുടെയും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. നിലവിൽ ടിവികെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണ് മരഗതം കുമാരവേൽ. സത്യഭാമ തിരുപ്പൂർ സൗത്ത്-ഈസ്റ്റ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
കോൺഗ്രസ്, എംഡിഎംകെ തുടങ്ങിയ സഖ്യകക്ഷികളെ ഉൾപ്പെടുത്തി രൂപീകരിച്ച ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി ഫ്രണ്ട്’ എന്ന മുന്നണിയുടെ ബാനറിലാണ് ടിവികെ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്നണിയുടെ പേര് ബുധനാഴ്ച ചേർന്ന ഘടകകക്ഷി നേതാക്കളുടെ യോഗത്തിലാണ് തീരുമാനിച്ചത്.
വിജയം മാത്രമാണ് ലക്ഷ്യമെന്നും ചരിത്ര വിജയം ഉറപ്പാക്കാൻ പാർട്ടി ഭാരവാഹികളും പ്രവർത്തകരും രംഗത്തിറങ്ങണമെന്നും വിജയ് ആഹ്വാനം ചെയ്തു. സർക്കാരിൻ്റെ നൂറുദിന വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിച്ച് വിജയിക്കുമെന്ന് മരഗതം കുമാരവേൽ പ്രതികരിച്ചു.
അതേസമയം ടിവികെയെ നേരിടാൻ മധുരാന്തകത്ത് മുൻ എംഎൽഎ അഡ്വ. ഐ. പരന്താമനെയും ധാരാപുരത്ത് അഡ്വ. എസ്. സുഗന്ധ്യയെയും ഡിഎംകെ സ്ഥാനാർഥികളാക്കി പ്രഖ്യാപിച്ചു. എഐഎഡിഎംകെ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുകയാണ്.
ഒക്ടോബർ 6ന് വോട്ടെടുപ്പും ഒക്ടോബർ 9ന് വോട്ടെണ്ണലും നടക്കും. സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ ടിവികെ സർക്കാരിൻ്റെ ജനപ്രീതി വിലയിരുത്തുന്ന നിർണായക പോരാട്ടമായാണ് ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്.