അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ.റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുധീർ കല്ലനെതിരെ നടപടി വൈകിയതിൽ ഹൈക്കോടതി ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് നടപടി.

പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് നിയമനടപടികൾ പാലിച്ചില്ലെന്നും മനഃപൂർവമായ വീഴ്ച ഉണ്ടായെന്നും നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒളിവിലായിരുന്ന ഡോ.എം.കെ.റാമിനെ അറസ്റ്റ് ചെയ്തെങ്കിലും നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു.

സുധീർ കല്ലൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന തരത്തിലുള്ള നിരീക്ഷണവും ഹൈക്കോടതി നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നെങ്കിലും സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടി വൈകുകയായിരുന്നു.

സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. എഡിജിപി എം.ആർ. അജിത് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച സാഹചര്യത്തിൽ സുധീർ കല്ലനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു.

ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് ഇപ്പോൾ സുധീർ കല്ലനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

Related Posts