തിരുവനന്തപുരം–മംഗളൂരു റെയിൽപാതയിൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കിലോമീറ്ററായി ഉയർത്തുന്നതിനുള്ള സർവേയ്ക്ക് റെയിൽവേ അനുമതി നൽകി. സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തിൽ അതിവേഗ റെയിൽ പദ്ധതിക്ക് പകരം റെയിൽവേയുമായി സഹകരിച്ച് നിലവിലെ പാത വികസിപ്പിക്കാനാണ് സർക്കാർ നീക്കം.

ഏഴ് റീച്ചുകളിലായാണ് സർവേ നടത്തുക. മംഗളൂരു–ഷൊർണൂർ, കോയമ്പത്തൂർ–ഷൊർണൂർ, ഷൊർണൂർ–എറണാകുളം, എറണാകുളം–കായംകുളം, കായംകുളം–തിരുവനന്തപുരം, തിരുവനന്തപുരം–നാഗർകോവിൽ, തുറവൂർ–അമ്പലപ്പുഴ എന്നീ റീച്ചുകളിലാണ് 160 കിലോമീറ്റർ വേഗം കൈവരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നത്. ആകെ 633 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം പാതയും പദ്ധതിയുടെ ഭാഗമാണ്.

സിൽവർലൈൻ പദ്ധതിക്ക് പകരമായി 160 കിലോമീറ്റർ വേഗത്തിൽ തിരുവനന്തപുരം–കണ്ണൂർ എലിവേറ്റഡ് റെയിൽപാത നിർമിക്കുന്നതിനുള്ള പദ്ധതിരേഖ ഇ. ശ്രീധരൻ സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ പദ്ധതി പാരിസ്ഥിതികമായും സാമ്പത്തികമായും പ്രായോഗികമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നിലവിലെ റെയിൽപാത വികസിപ്പിക്കുന്നതിനുള്ള നീക്കം.

റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്ന മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയുള്ള ചെന്നൈ–ബംഗളൂരു, ബംഗളൂരു–ഹൈദരാബാദ്, ചെന്നൈ–ഹൈദരാബാദ് പാതകളുമായി ഭാവിയിൽ കേരളത്തിലെ വേഗപ്പാതയെ ബന്ധിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കും.

നിലവിൽ കൊല്ലം–കോട്ടയം, കോട്ടയം–എറണാകുളം, ഷൊർണൂർ–മംഗളൂരു സെക്ഷനുകളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാനാകും. കൊല്ലം–തിരുവനന്തപുരം പാതയിൽ വേഗം മണിക്കൂറിൽ 100 കിലോമീറ്ററിൽ താഴെയാണ്. ട്രാക്ക് ശക്തിപ്പെടുത്തുകയും സിഗ്നൽ സംവിധാനങ്ങൾ നവീകരിക്കുകയും ചെയ്ത് വേഗം 130 കിലോമീറ്ററായി ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മംഗളൂരു–ഷൊർണൂർ മൂന്നും നാലും പാതകളിലും എറണാകുളം–കോട്ടയം–തിരുവനന്തപുരം–നാഗർകോവിൽ മൂന്നാം പാതയിലും മണിക്കൂറിൽ 160 കിലോമീറ്റർ വേഗം കൈവരിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം. പദ്ധതി യാഥാർഥ്യമായാൽ കേരളത്തിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

Related Posts