ബിജെപി വിട്ട നടൻ ദേവൻ തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിലേക്ക് ചേർന്നേക്കുമെന്ന് റിപ്പോർട്ട്. പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. വെള്ളിയാഴ്ച ദേവൻ്റെ ചാലക്കുടിയിലെ വീട്ടിലെത്തിയാണ് രണ്ട് ടിവികെ നേതാക്കൾ ചർച്ച നടത്തിയത്. നടി പ്രിയങ്കയും നേതാക്കൾക്കൊപ്പമുണ്ടായിരുന്നു.
സെപ്റ്റംബർ 10ന് ശേഷം ചെന്നൈയിൽ വച്ച് വിജയുമായി ദേവൻ കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും പാർട്ടി പ്രവേശനം സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുക. ടിവികെയിൽ ചേർന്നാൽ പാർട്ടിയുടെ കേരള ഘടകം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ദേവനെ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സെപ്റ്റംബർ 8 വരെ തമിഴ്നാട് നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് ദേവൻ–വിജയ് കൂടിക്കാഴ്ച വൈകുന്നതെന്നാണ് വിവരം. പാർട്ടി രൂപീകരിച്ച് ആദ്യമായി നേരിട്ട നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാട്ടിൽ അധികാരം നേടിയ ടിവികെ, ദക്ഷിണേന്ത്യയിൽ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇതിൻ്റെ ഭാഗമായാണ് കേരളത്തിൽ ദേവനുമായി ചർച്ച നടത്തിയതെന്നാണ് സൂചന. ടിവികെയുടെ ചില നേതാക്കൾ ദേവനുമായി ഓൺലൈനായും ചർച്ച നടത്തിയിരുന്നു.
ദേവനും വിജയിയും ആറ് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ പരിചയവും ഇരുവരും തമ്മിലുള്ള വ്യക്തിബന്ധവും ടിവികെ ദേവനെ സമീപിക്കുന്നതിൽ നിർണായകമായതായാണ് വിവരം.
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന ദേവൻ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവൻ്റെ ആദർശങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണ് താൻ ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാന ബിജെപിയിൽ അത് കാണാൻ കഴിഞ്ഞില്ലെന്നും ദേവൻ ആരോപിച്ചിരുന്നു.
ദേവനെ ബിജെപിയിൽ നിലനിർത്താൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ശ്രമിച്ചെങ്കിലും തീരുമാനം മാറ്റാൻ ദേവൻ തയ്യാറായില്ല. ഇപ്പോൾ ടിവികെയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ വിജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ദേവൻ്റെ രാഷ്ട്രീയ നീക്കത്തിൽ വ്യക്തത വരിക.