വീണാ വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. താനോ മകൾ വീണാ വിജയനോ മറ്റ് കുടുംബാംഗങ്ങളോ ഹവാല ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തൻ്റെ കൈകൾ ശുദ്ധമാണെന്നും അന്വേഷണം നേരിടുന്നതിൽ വീണാ വിജയൻ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും തുടർന്നും സഹകരിക്കുമെന്നും പിണറായി പറഞ്ഞു.

വീണാ വിജയൻ തൻ്റെ മകളായതിനാലാണ് വിഷയത്തിൽ അസാധാരണമായ നടപടികൾ ഉണ്ടാകുന്നതെന്നാണ് പിണറായിയുടെ ആരോപണം. അന്വേഷണത്തിൽ പരാമർശിക്കുന്ന തുക വലിയതല്ലെന്നും വീണ വലിയ സ്വത്തുക്കളുടെ ഉടമയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണയായി ഇഡി വാർത്താക്കുറിപ്പുകൾ പുറത്തിറക്കാറില്ലെന്നും ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വിവരങ്ങൾ നൽകാറുള്ളതെന്നും പിണറായി പറഞ്ഞു. എന്നാൽ വീണാ വിജയനുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രത്യേക വാർത്താക്കുറിപ്പ് പുറത്തിറക്കിയതിനെ അദ്ദേഹം ചോദ്യം ചെയ്തു.

വാർത്താക്കുറിപ്പിൽ തൻ്റെ പേര് ‘പി. വിജയൻ’, ‘മുൻ മുഖ്യമന്ത്രി’ എന്നിങ്ങനെ പ്രത്യേകം പരാമർശിച്ചതിൻ്റെ ഉദ്ദേശ്യവും പിണറായി ചോദിച്ചു. തെളിവില്ലാത്ത ആരോപണങ്ങളാണ് ചില മാധ്യമങ്ങൾ തനിക്കെതിരെ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വീണാ വിജയൻ്റെ പണം ഭർത്താവ് മുഹമ്മദ് റിയാസിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളെയും പിണറായി ചോദ്യം ചെയ്തു. ഇതിന് എന്ത് തെളിവാണുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ഈ കൈകൾ ശുദ്ധമാണ്, ഇനിയും ശുദ്ധമായിരിക്കും” എന്ന നിലപാടാണ് പിണറായി വിജയൻ ആവർത്തിച്ചത്. അന്വേഷണം എന്ന പേരിൽ ഇഡി തന്നെ പിന്തുടരുകയാണെന്നും നടപടികൾ വിചിത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

Related Posts