നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചു. കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. എന്നാൽ കാപ്പാ നിയമപ്രകാരം നടപടി നേരിടുന്നതിനാൽ അർജുന് ജയിലിൽ തന്നെ തുടരേണ്ടിവരും.
അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. തലശ്ശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. അർജുന് ഇന്ന് കാപ്പാ നോട്ടീസും കൈമാറും.
കഴിഞ്ഞ ദിവസമാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ ജില്ലാ കളക്ടർ അംഗീകരിച്ചതോടെയാണ് നടപടി. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളാണ് അർജുനെന്നും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്തിയത്.
കാപ്പ ചുമത്തി അർജുനെ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് ഉത്തരവ്.