അമേരിക്കയുമായി മാസങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള സമയമായെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ. നിലവിൽ അമേരിക്കയെക്കാൾ ശക്തമായ നിലപാടിലാണ് ഇറാനെന്നും യുദ്ധത്തിൽ തങ്ങൾക്കാണ് വിജയമെന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. ടെഹ്റാനിൽ നടന്ന ഇറാനിയൻ മെഡിക്കൽ സൊസൈറ്റിയുടെ 31-ാമത് ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു പെസെഷ്കിയാൻ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് അമേരിക്ക ഇറാനിലെ സ്കൂളുകൾ, ആശുപത്രികൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ആക്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ജൂണിൽ അമേരിക്കയുമായി ഉണ്ടായ ധാരണ ഇറാൻ്റെ കീഴടങ്ങലായി കാണാനാകില്ലെന്നും ധാരണയിലെ വ്യവസ്ഥകൾ എതിര്ഭാഗത്തിനും ബാധകമാണെന്നും ഇറാൻ പ്രസിഡണ്ട് വ്യക്തമാക്കി.
അതേസമയം, ഇറാനെ സാമ്പത്തികമായി തകർക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്ക കൂടുതൽ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെസെഷ്കിയാൻ്റെ പ്രതികരണം. അമേരിക്കയുടെ പുതിയ ഉപരോധ നടപടികളെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായി വിമർശിച്ചു.
ഇറാനെതിരായ കൂടുതൽ ഉപരോധ നീക്കത്തെ ചൈനയും വിമർശിച്ചു. ഉപരോധങ്ങളും സൈനിക ശക്തി പ്രയോഗിക്കുമെന്ന ഭീഷണികളും മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.