ഡിസംബറിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കു മെന്ന് റിപ്പോർട്ട്. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്നതിൻ്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ കടുത്ത തീരുവയും ഉപരോധ ഭീഷണിയും നേരിടുന്ന സാഹചര്യത്തിലാണ് പുടിൻ്റെ ഔദ്യോഗിക സന്ദർശനത്തിനുള്ള സാധ്യതയെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
പുടിൻ ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചതായി ക്രെംലിൻ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു, എന്നാൽ തീയതി നിശ്ചയിച്ചിരുന്നില്ല. ചൈനയിലെ ടിയാൻജിനിൽ വച്ച് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ സെപ്റ്റംബർ 1 ന് മോദി പുടിനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുടിൻ്റെ ഡിസംബറിലെ സന്ദർശന വാർത്ത പുറത്തുവരുന്നത്. അടുത്തിടെ റഷ്യയുമായുള്ള വ്യാപാര ബന്ധത്തിൻ്റെ പേരിൽ ഇന്ത്യയ്ക്കു മേൽ 25 ശതമാനം അധിക താരിഫ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.