അനധികൃത സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയ കേസിൽ നിർണായക അറസ്റ്റുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിലെ മുഖ്യസൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന ഹാരിസ് ടി.എയെ മഞ്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു.

സ്‌ഫോടകവസ്തുക്കൾ അനധികൃതമായി വാങ്ങി ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഹാരിസിന് പ്രധാന പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

കേസിൻ്റെ ഭാഗമായി നേരത്തെ മൂന്ന് സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞദിവസം കർണാടകയിൽ നിന്ന് മൂന്ന് പേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഹാരിസ് കൂടി അറസ്റ്റിലായതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. സ്‌ഫോടകവസ്തുക്കളുടെ ഉറവിടം, വാങ്ങൽ, വിതരണം എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

Related Posts