കലാമണ്ഡലത്തിലെ ചരിത്രത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായാണ് അദ്ദേഹം ചരിത്രം കുറിച്ചിരിക്കുന്നത്. കേരളീയനായ നർത്തകനും ചലച്ചിത്ര അഭിനേതാവുമാണ് ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ. ഭരതനാട്യം വിഭാഗം അസിസ്റ്റൻ്റ പ്രഫസറായാണ് ആർ.എൽ.വി. ചുമതലയേറ്റത്. അസിസ്റ്റൻ്റ പ്രഫസറായി ജോലിയിൽ പ്രവേശിച്ചതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുന്നു. കലാമണ്ഡലത്തിൻ്റെ ആരംഭ സമയത്ത് ചെന്നൈയിൽനിന്നുള്ള എ.ആർ.ആർ. ഭാസ്‌കർ, രാജരത്നം മാസ്റ്റർ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവർക്കുശേഷം നൃത്തവിഭാഗത്തിൽ അധ്യാപകനായി ജോലി ലഭിക്കുക എന്നുള്ളത് സൗഭാഗ്യകരമായ കാര്യമായാണ് കാണുന്നത് ആർ.എൽ.വി രാമകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ കൂടിയാണ് ആർ.എൽ.വി രാമകൃഷൻ.
1996 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ മോഹിനിയാട്ട കളരിയിൽ പഠിച്ച അദ്ദേഹം നാല് വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും നേടി. എം.ജി. യൂനിവേഴ്‌സിറ്റിയിൽനിന്ന് എം.എ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായി. കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ എം.ഫിൽ ടോപ്പ് സ്കോറർ ആയിരുന്ന രാമകൃഷ്‌ണൻ കലാമണ്ഡലത്തിൽ നിന്നുതന്നെയാണ് പിഎച്ച്.ഡി. പൂർത്തിയാക്കിയത്. നെറ്റ് യോഗ്യത നേടിയിട്ടുണ്ട്. ദൂരദർശൻ കേന്ദ്രം എ ഗ്രേഡഡ് ആർട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും ആർ.എൽ.വി കോളജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനമനുഷ്ഠിച്ചു. 2022-24 കാലയളവിലാണ് എം.എ ഭരതനാട്യപഠനം പൂർത്തിയാക്കിയത്.