അസമിൽ പ്രളയക്കെടുതി തുടരുന്നു. വിവിധ ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലും റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഇതുവരെ 99 പേർ മരിച്ചതായി റിപ്പോർട്ട്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 12 ജില്ലകളിലെ 460 ഗ്രാമങ്ങളിലായി 1,47,376 പേരാണ് നിലവിൽ പ്രളയബാധിതരായിരിക്കുന്നത്. സോനിത്പൂർ, നഗാവ്, ഗോലാഘട്ട്, ശിവസാഗർ, ഹോജായ്, ദരംഗ്, ജോർഹട്ട്, ധേമാജി, ചരൈദേവ്, കർബി ആംഗ്ലോങ്, ലഖിംപൂർ, ബിശ്വനാഥ് ജില്ലകളിലാണ് പ്രളയബാധ തുടരുന്നത്.
ഗോലാഘട്ട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകളെ പ്രളയം ബാധിച്ചത് — 61,735 പേർ. ശിവസാഗറിൽ 43,492 പേരും ജോർഹട്ടിൽ 24,283 പേരും ദുരിതത്തിലാണെന്നാണ് അധികൃതരുടെ കണക്ക്.
പ്രളയത്തെ തുടർന്ന് 10,599.89 ഹെക്ടർ കൃഷിഭൂമിയിലും വെള്ളം കയറി. നിരവധി പ്രദേശങ്ങളിൽ ഗതാഗതവും ദൈനംദിന ജീവിതവും തടസ്സപ്പെട്ടിട്ടുണ്ട്.
പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്. ജില്ലാ ഭരണകൂടവും റവന്യൂ ഉദ്യോഗസ്ഥരും സംയുക്തമായി ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നുണ്ട്. മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.