ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിൻ്റെ ആത്മഹത്യാ കേസിൽ പ്രധാന പ്രതിയായ വകുപ്പ് മേധാവി ഡോ. റാമിന് മുൻകൂർ ജാമ്യം അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിദ്യാർഥിയോട് അധ്യാപകൻ നടത്തിയതായി ആരോപിക്കപ്പെടുന്ന പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച കോടതി, “ക്രൂരത എന്നൊരു വാക്ക് മാത്രമാണ് ഇതിൽ മനസ്സിലേക്ക് വരുന്നത്” എന്ന് നിരീക്ഷിച്ചു.
“അദ്ദേഹം എങ്ങനെയാണ് വിദ്യാർഥികളോട് സംസാരിക്കുന്നത്? ക്ലാസ് മുറിയിൽ വെച്ച് ഒരു വിദ്യാർഥിയെ ഇത്തരത്തിൽ അപമാനിച്ചാൽ അത് ആ കുട്ടിയെ എങ്ങനെ ബാധിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കണം. സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകേണ്ടതുണ്ട്,” എന്നും ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ 10-ന് കോളജിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിതിൻ രാജിന് ജാതി അധിക്ഷേപവും മാനസിക പീഡനവും നേരിട്ടിരുന്നുവെന്ന പരാതിയെ തുടർന്നാണ് ഡോ. റാം ഉൾപ്പെടെ മൂന്ന് ജീവനക്കാർക്കെതിരെ ആത്മഹത്യാ പ്രേരണയും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി പൊലീസ് കേസെടുത്തത്.
സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഡോ. റാം സുപ്രീം കോടതിയെ സമീപിച്ചത്. സംഭവത്തിനും ആത്മഹത്യയ്ക്കും ഇടയിൽ ഒരു മാസത്തെ ഇടവേളയുണ്ടെന്ന പ്രതിഭാഗത്തിൻ്റെ വാദം കോടതി അംഗീകരിച്ചില്ല. ആ സംഭവം ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നും അധ്യാപകൻ്റെ പെരുമാറ്റം അതീവ ഗൗരവമുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്.