പെരിയ ഇരട്ടകൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ കാസർഗോഡ് കല്യോട്ട് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തളളുമായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് കലോട്ട് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

കൃപേഷിൻ്റെയും ശരത്ലാലിൻ്റെയും കല്യോട്ടെ സ്മൃതികുടീരത്തിൽനിന്ന് ഏച്ചിലടുക്കത്തേക്ക് നീങ്ങിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷം നടന്നത്. ഇരട്ടക്കൊലക്കേസിൽ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവരിൽ നാലാം പ്രതി കെ. അനിൽകുമാർ, എട്ടാംപ്രതി സുബീഷ് വെളുത്തോളി എന്നിവർക്കാണ് പരോൾ നൽകിയത്. സുബീഷിന് 20 ദിവസവും അനിൽകുമാറിന് ഒരുമാസവുമാണ് പരോൾ.

Related Posts