മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി ടി. വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജൂൺ 29ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്കിലെ വീണയുടെ ലോക്കർ തുറന്ന് പരിശോധിച്ചതിന് പിന്നാലെയാണ് ഇഡിയുടെ പുതിയ നടപടി. വീണയുടെ സാന്നിധ്യത്തിലായിരുന്നു ലോക്കർ പരിശോധന. എന്നാൽ കേസുമായി ബന്ധപ്പെട്ട നിർണായക രേഖകളൊന്നും ലോക്കറിൽ നിന്ന് കണ്ടെത്താനായില്ലെന്നാണ് വിവരം.
ഇതിന് മുമ്പ് കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തി വീണയെ ഏകദേശം ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായാണ് അന്വേഷണം തുടരുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കോടതിയുടെ നിർദേശപ്രകാരം കൈമാറേണ്ട 134 രേഖകൾ ഇതുവരെ എസ്എഫ്ഐഒ ഇഡിക്ക് കൈമാറിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.