2026 ഫിഫ ലോകകപ്പിൽ വമ്പൻ അട്ടിമറി. റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ അഞ്ചുതവണ ലോകചാമ്പ്യൻമാരായ ബ്രസീലിനെ 2-1ന് തോൽപ്പിച്ച് നോർവേ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൻ്റെ അവസാന 11 മിനിറ്റിനിടെ ഇരട്ടഗോൾ നേടിയ എർലിംഗ് ഹാലണ്ടാണ് നോർവേയുടെ വിജയശിൽപി.
ആദ്യ പകുതിയിൽ ബ്രസീലിന് ലീഡ് നേടാനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും ബ്രൂണോ ഗിമറായിസിൻ്റെ പെനാൽറ്റി നോർവേ ഗോൾകീപ്പർ ഓർയൻ നൈലാൻഡ് തടഞ്ഞു. തുടർന്ന് ഇരു ടീമുകളും ഗോൾ നേടാതെ പൊരുതിയെങ്കിലും 79-ാം മിനിറ്റിൽ ഹാലണ്ട് ഹെഡറിലൂടെ നോർവേയെ മുന്നിലെത്തിച്ചു. 90-ാം മിനിറ്റിൽ വീണ്ടും ഹാലണ്ട് വലകുലുക്കിയതോടെ ബ്രസീൽ സമ്മർദത്തിലായി.
രണ്ടാം പകുതിയിൽ എൻഡ്രിക്കും പിന്നീട് നെയ്മറും കളത്തിലെത്തിയെങ്കിലും ബ്രസീലിൻ്റെ കളിക്ക് മാറ്റമൊന്നും ഉണ്ടായില്ല. 59-ാം മിനിറ്റിൽ വിനീഷ്യസ് നൽകിയ പാസിൽനിന്ന് ലഭിച്ച സുവർണാവസരം എൻഡ്രിക്ക് പുറത്തേക്കടിച്ച് കളഞ്ഞു.
ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി നെയ്മർ ഗോളാക്കിയെങ്കിലും ബ്രസീലിനെ രക്ഷിക്കാൻ അത് മതിയായില്ല. 2-1ൻ്റെ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നോർവേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അതേസമയം, 1990ന് ശേഷം ആദ്യമായാണ് ബ്രസീൽ റൗണ്ട് ഓഫ് 16ൽ തന്നെ ലോകകപ്പിൽ നിന്ന് പുറത്താകുന്നത്.