സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കെഎസ്എഫ്ഇ മുഖേന ‘പിങ്ക് ചിട്ടി’ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാനാകുന്ന തുക ഈ ചിട്ടിയിൽ നിക്ഷേപിച്ച് ഭാവിയിൽ സ്വന്തമായി വരുമാനമുണ്ടാക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആലുവയിൽ നടന്ന എംഎൽഎ മെറിറ്റ് അവാർഡ് വിതരണച്ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിമൂലം സർക്കാരിന് ഏകദേശം 1000 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായാലും, അതിനെ വെറും നഷ്ടമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പദ്ധതി സ്ത്രീകളുടെ ജീവിതത്തിൽ വലിയ സാമൂഹികവും സാമ്പത്തികവുമായ മാറ്റത്തിന് വഴിയൊരുക്കുമെന്നും, സമൂഹത്തിന് ലഭിക്കുന്ന നേട്ടം സാമ്പത്തിക ചെലവിനെക്കാൾ വളരെ വിലപ്പെട്ടതായിരിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും സമ്പാദ്യശീലവും വർധിപ്പിക്കുന്നതിൽ ‘പിങ്ക് ചിട്ടി’ നിർണായക പങ്കുവഹിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.