കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്‌ചുക്കിൻ്റെ ജന്തർ മന്തറിലെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ദേശീയ പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം തുടരുന്നത്.

സമരത്തെ തുടർന്ന് വാംഗ്‌ചുക്കിൻ്റെ ആരോഗ്യനില വഷളായതായി സിജെപി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെ അറിയിച്ചു. ഇതിനകം അദ്ദേഹത്തിന് അഞ്ച് കിലോ ഭാരക്കുറവ് ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി.ദേശീയതല പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾക്ക് രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്നും സിജെപി ആവശ്യപ്പെട്ടു. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 20 വിദ്യാർഥികളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സംഘടന ആവശ്യപ്പെടുന്നു. വാംഗ്‌ചുക്കിന് എന്തെങ്കിലും സംഭവിച്ചാൽ അതിൻ്റെ പൂർണ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനായിരിക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകി.

അതേസമയം, ജന്തർ മന്തറിലെ സമരത്തിന് വിവിധ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ചിരിക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ബൃന്ദ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ദീപാങ്കർ ഭട്ടാചാര്യ, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, ആനി രാജ, അഞ്ജലി ഭരദ്വാജ്, നിഖിൽ ഡേ, തൃണമൂൽ കോൺഗ്രസ് എംപിമാരായ സാഗരിക ഘോഷ്, മഹുവ മൊയ്ത്ര എന്നിവരടക്കമുള്ള നേതാക്കൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Related Posts