നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായി ജാതീയ അധിക്ഷേപം നടത്തിയ കേസിൽ കലാമണ്ഡലം സത്യഭാമക്കെതിരെ എസ് സി-എസ് ടി അട്രാസിറ്റി വകുപ്പുകൾ ചേർത്ത് കുറ്റപത്രം തയ്യാറാക്കി.
‘മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല.
എൻ്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല’ എന്നായിരുന്നു സത്യഭാമ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
സംഭവം വിവാദമായതോടെ രാമകൃഷ്ണണനെക്കുറിച്ചല്ല താൻ പ്രസ്താവന നടത്തിയതെന്നും സത്യഭാമ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആരുടെയും ജാതിയോ പേരോ പറഞ്ഞിട്ടില്ലെന്നായിരുന്നു അവർ പറഞ്ഞത്.
പട്ടികജാതിക്കാരനെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സത്യഭാമ സംസാരിച്ചതെന്നും ആർഎൽവി രാമകൃഷ്ണനോട് സത്യഭാമക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നു എന്നും രാമകൃഷ്ണൻ്റെ ജാതിയെ കുറിച്ച് അറിയില്ലെന്ന സത്യഭാമയുടെ വാദം തെറ്റാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
കുറ്റം തെളിഞ്ഞാൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യറാക്കിയത്. യൂട്യൂബ് ചാനൽ ഉടമ സുമേഷ് മാർക്കോപോളോയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
നടൻ സിദ്ധാർഥ് അടക്കം കേസിൽ 20 സാക്ഷികളാണുള്ളത്. തിരുവനന്തപുരം കന്റോൺമെൻ്റ് പൊലീസ് കുറ്റപത്രം തിരുവനന്തപുരം എസ് സി-എസ് ടി കോടതിയിൽ സമർപ്പിക്കും.