ആനക്കൊമ്പ് കേസിൽ നിർണായക നീക്കവുമായി നടൻ മോഹൻലാൽ. തൻ്റെ കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പിൽ നിർമിച്ച 13 കരകൗശല വസ്തുക്കളും വനംവകുപ്പിന് കൈമാറാൻ അദ്ദേഹം അപേക്ഷ നൽകി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായാണ് മോഹൻലാൽ അപേക്ഷ സമർപ്പിച്ചത്. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. കാർത്തികിന് നൽകിയ അപേക്ഷ തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയിട്ടുണ്ട്.
അപേക്ഷ ലഭിച്ചതിനെ തുടർന്ന് വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെ മോഹൻലാലിൻ്റെ വസതിയിലെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അന്തിമ അനുമതിക്ക് ശേഷം ആനക്കൊമ്പുകളും കരകൗശല വസ്തുക്കളും വനംവകുപ്പ് ഏറ്റെടുക്കുന്ന തീയതി തീരുമാനിക്കും.
മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ വനംവകുപ്പ് നൽകിയിരുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നിയമനടപടികൾ പാലിക്കാതെയാണ് അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു.
2011 ഓഗസ്റ്റിൽ കൊച്ചി തേവരയിലെ മോഹൻലാലിൻ്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. ഇതേ തുടർന്നാണ് കേസ് നിയമനടപടികളിലേക്ക് നീങ്ങിയത്.