താരസംഘടനയായ എഎംഎംഎയിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ വിശദീകരണവുമായി നടിമാരായ ഉഷ ഹസീന, അൻസിബ, മാലാ പാർവതി, മായാ വിശ്വനാഥ് എന്നിവർ സംയുക്ത വാർത്താസമ്മേളനം നടത്തി. സംഘടനയിൽ സ്ത്രീകൾക്ക് നേതൃനിരയിൽ സ്ഥാനം ഉറപ്പാക്കാൻ പോരാടിയവരാണ് തങ്ങളെന്നും, എന്നാൽ വ്യക്തിഹത്യയ്ക്ക് ഇരയാക്കിയെന്നും ഉഷ ഹസീന ആരോപിച്ചു.
സംഘടനയുടെ നേതൃത്വത്തിൽ അധികാരമോഹവും ഈഗോ സംഘർഷവുമാണ് നിലനിൽക്കുന്നതെന്ന് ആരോപിച്ച ഉഷ ഹസീന, ശ്വേതാ മേനോനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു. അൻസിബയെ തുടക്കം മുതൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചെന്നും അപകീർത്തിപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കിയതായും അവർ ആരോപിച്ചു. ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മിലുള്ള സ്വകാര്യ സംഭാഷണം പുറത്തുവിട്ട സംഭവത്തെയും അവർ വിമർശിച്ചു.
മോഹൻലാൽ പ്രസിഡണ്ടായിരുന്ന കമ്മിറ്റി ജനറൽ ബോഡി ചേരാൻ കഴിയാത്ത സാഹചര്യത്തിൽ അഡ്ഹോക് കമ്മിറ്റിയായാണ് പ്രവർത്തിച്ചതെന്നും ആ കമ്മിറ്റിക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉണ്ടായിരുന്നില്ലെന്നും അൻസിബ പറഞ്ഞു. സാമ്പത്തിക ആരോപണങ്ങൾ നേരിടുന്നവർക്ക് സംഘടനയുടെ നേതൃത്വത്തിൽ തുടരാൻ എങ്ങനെ കഴിയുമെന്ന് അവർ ചോദിച്ചു.
ജനറൽ ബോഡിയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നേതൃത്വം തയ്യാറായില്ലെന്നും, അംഗങ്ങളുടെ സംശയങ്ങൾ പരിഹരിക്കാൻ ശ്രമിച്ചില്ലെന്നും ഉഷ ഹസീന ആരോപിച്ചു. ബിജെപിയിൽ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്ന ബാബുരാജിൻ്റെ ആരോപണത്തിനും യോഗത്തിൽ വ്യക്തത വരുത്തിയില്ലെന്നും അവർ പറഞ്ഞു.
അദാനി ഗ്രൂപ്പിൽ നിന്ന് 15 കോടി രൂപ എഎംഎമ്മയ്ക്ക് ലഭിക്കുമെന്ന ബിജെപി നേതാവിൻ്റെ പരാമർശം ചൂണ്ടിക്കാട്ടി മാലാ പാർവതി ചോദ്യമുയർത്തി. സംഘടനയിൽ അംഗമല്ലാത്ത ഒരാൾക്ക് ഇത്തരമൊരു വിവരം എങ്ങനെ ലഭിച്ചുവെന്നതാണ് സംശയമെന്നും അവർ പറഞ്ഞു. സിനിമാ മേഖലയെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.
ദല്ലാൾ നന്ദകുമാറുമായുള്ള കരാറുമായി ബന്ധപ്പെട്ടും അൻസിബ പ്രതികരിച്ചു. തനിക്ക് വാഗ്ദാനം ചെയ്ത തുക പിന്നീട് കുറച്ചെന്നും, പരാതിയുമായി സമീപിച്ചിട്ടും പൊലീസ് ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും അവർ ആരോപിച്ചു. പരാതികളിൽ പൊലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും അൻസിബ ആവശ്യപ്പെട്ടു.