താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമാകുന്നു. അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് പ്രസിഡണ്ട് ശ്വേത മേനോനും രാജി പ്രഖ്യാപിച്ച മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതുസംബന്ധിച്ച് മുൻ ഭരണസമിതി അംഗങ്ങൾ ഓൺലൈനായി യോഗം ചേർന്ന് തുടർനടപടികൾ ചർച്ച ചെയ്തു.
തങ്ങളുടെ നിരപരാധിത്വം തെളിയിക്കാതെ സ്ഥാനമൊഴിയില്ലെന്ന നിലപാടിലാണ് ശ്വേത മേനോനും ഒപ്പമുള്ളവരും. അടുത്ത തിരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനുള്ള അധികാരം നിലവിലെ ഭരണസമിതിക്കാണെന്നാണ് ഇവരുടെ വാദം.
അതേസമയം, അടുത്ത തിരഞ്ഞെടുപ്പ് വരെ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് അഡ്ഹോക് (സ്പെഷ്യൽ) കമ്മിറ്റി രൂപീകരിച്ചതെന്ന് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടി വ്യാഴാഴ്ച പ്രതികരിച്ചിരുന്നു. എന്നാൽ ഈ നിലപാട് മുൻ ഭരണസമിതി അംഗങ്ങൾ തള്ളിക്കളയുകയാണ്.
അഡ്ഹോക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ രേഖാമൂലം രാജി സമർപ്പിച്ചിട്ടില്ലെന്ന് രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് ശ്വേത മേനോൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
അതേസമയം, നടന്മാരായ ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ സംഘടനയ്ക്ക് ഔദ്യോഗികമായി രാജിക്കത്ത് നൽകിയിട്ടുണ്ട്.
ഇതിനിടെ ശ്വേത മേനോന് മുന്നറിയിപ്പുമായി നടി ഉഷ ഹസീനയും രംഗത്തെത്തി. സ്ഥാനമൊഴിയാതെ തുടരാനാണ് തീരുമാനമെങ്കിൽ ‘അമ്മ’യിലെ വനിതാ അംഗങ്ങൾ ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്നും, വ്യക്തികളേക്കാൾ സംഘടനയുടെ നിലനിൽപ്പിനാണ് പ്രാധാന്യമെന്നും ഉഷ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.