സംസ്ഥാനത്തിൻ്റെ പേര് ഭരണഘടനയിൽ ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോകസഭ പാസാക്കി. പേരുമാറ്റം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക രേഖകളിലും സ്ഥാപനങ്ങളുടെയും വിവിധ സംവിധാനങ്ങളുടെയും പേരുകളിലും മാറ്റം വരും.
ഇംഗ്ലീഷിൽ ‘Government of Kerala’ എന്നത് ‘Government of Keralam’ എന്നാക്കുകയും മലയാളത്തിൽ ‘കേരള സർക്കാർ’ എന്നത് ‘കേരളം സർക്കാർ’ എന്നാക്കുകയും ചെയ്യേണ്ടിവരും. അതുപോലെ കേരള നിയമസഭയുടെ ഔദ്യോഗിക പേരിലും മാറ്റം വരും.
പേരുമാറ്റത്തിൻ്റെ ഭാഗമായി സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫീസുകൾ വരെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ ബോർഡുകൾ, ഔദ്യോഗിക മുദ്രകൾ, ലെറ്റർപാഡുകൾ, വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, ലോഗോകൾ എന്നിവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടിവരും.
സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ഗസറ്റുകൾ, റേഷൻ കാർഡുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളും പുതിയ പേരിൽ പുറത്തിറക്കേണ്ട സാഹചര്യമുണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയുടെ പേരുകളിലും മാറ്റം വരും.
കേരള പബ്ലിക് സർവീസ് കമ്മിഷൻ (പി.എസ്.സി.) ഉൾപ്പെടെയുള്ള വിവിധ കമ്മിഷനുകൾ, ക്ഷേമനിധി ബോർഡുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ഔദ്യോഗിക പേരുകളിലും ‘കേരളം’ എന്ന പേര് ഉൾപ്പെടുത്തേണ്ടിവരും. പേരുമാറ്റം നടപ്പാക്കുന്നതിനായി വിവിധ വകുപ്പുകളിലെ രേഖകളും സംവിധാനങ്ങളും പരിഷ്കരിക്കേണ്ടതിനാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ബിൽ ഇനി തുടർ ഭരണഘടനാ നടപടികൾക്ക് വിധേയമാകും.