സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. ” ഞാനും എന്‍റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത് . അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്. ഞാൻ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമിൽ നടന്ന പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു . പോലീസ് എന്‍റെ പരാതിയിൽ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാൻ പരാതി കൊടുത്ത വ്യക്തിയെ റിമാൻഡിൽ ആക്കുകയും ചെയ്‌തു . പരാതി കൊടുക്കുക എന്നതാണ് ഞാൻ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ്. ഞാൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്‍റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുൽ ഈശ്വർ ചെയ്യുന്നത് ” എന്നാണ് ഹണിറോസ് പറയുന്നത്. ബോബി ചെമ്മണൂരിന്‍റെ പിആർ ഏജന്‍സികളും രാഹുലും തനിക്കെതിരെ ആസൂത്രിതമായി പ്രവർത്തിക്കുന്നു. താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതിന്‍റെ കാരണക്കാരില്‍ ഒരാള്‍ രാഹുല്‍ ഈശ്വറാണെന്നും നടി തന്‍റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എന്‍റെ മൗലിക അവകാശങ്ങൾക്കെതിരെ നിയന്ത്രണം ഏർപ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ട്ടിച്ച് എന്നെ ആക്രമിക്കാനും താങ്കൾ കഴിഞ്ഞ ദിവസങ്ങൾ ആയി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എന്‍റെ തൊഴിലിനു നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധഭീഷണികൾ, അപായഭീഷണികൾ, അശ്ളീല, ദ്വയാർത്ഥ, അപമാനകുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങിനും പ്രധാന കാരണക്കാരൻ താങ്കൾ ആണ്. കോടതിയിൽ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികൾ ആണ് രാഹുൽ ഈശ്വറിന്‍റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി. പോർവിളി കമന്‍റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി സ്വീകരിക്കുന്നത് എന്നും ഹണിറോസ് പറയുന്നു.