തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിയുടെ മരുമകൻ ടി.എ. അരുണിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിൽ ബാനസവാടി പൊലീസ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. കേസിൽ 13 പ്രതികളെയാണ് പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തന്ത്രിയുടെ സഹോദരപുത്രൻ കെ.വി.പ്രവീൺ ആണ് കേസിലെ മുഖ്യപ്രതി. ഗൂഢാലോചനയിൽ പങ്കാളിയായ തൃശൂർ അന്തിക്കാട് സ്വദേശിനി ബീന പീടികക്കണ്ടിയെ 13-ാം പ്രതിയായി പുതുതായി ഉൾപ്പെടുത്തി.
ദേവസ്ഥാനത്ത് പൂജയ്‌ക്കെത്തിയ യുവതിയെ ഉപയോഗിച്ച് അരുണിനെ പീഡനക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ബെംഗളൂരു സ്വദേശിനിയും മസാജ് പാർലർ ജീവനക്കാരിയുമായ രത്ന (38) ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.

2025 ജൂൺ 16ന് രത്ന നൽകിയ പീഡനപരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു പൊലീസ് അരുണിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അരുണിന് ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെ തന്ത്രി ഉണ്ണി ദാമോദരനും മകൾ ഉണ്ണിമായയും നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അരുണിനെ ആസൂത്രിതമായി കേസിൽ കുടുക്കിയതാണെന്ന് പൊലീസ് കണ്ടെത്തിയത്.

ഹണിട്രാപ്പ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപയുടെ ഇടപാട് നടന്നതിൻ്റെ രേഖകളും ഫോൺ സംഭാഷണങ്ങളുടെ ക്ലിപ്പുകളും അന്വേഷണസംഘം കണ്ടെത്തിയതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. പ്രവീൺ, രത്ന, ബീന എന്നിവർക്കു പുറമെ മോണിക്ക, മുഹമ്മദ് ആലം, പാലക്കാട് സ്വദേശിയും ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിപ്പുകാരനുമായ പി.എസ്. ശരത് മേനോൻ, സജിത്ത്, മഹേഷ് ഷെട്ടി, തന്ത്രിയുടെ ജ്യേഷ്ഠൻ ദേവദാസ്, മകൻ ശ്രീരാഗ്, മറ്റൊരു ജ്യേഷ്ഠൻ വേണുഗോപാൽ, ബന്ധു സ്വാമിനാഥൻ, ഭാര്യ രജിത എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

Related Posts