ബാംഗ്ലൂർ കുമ്പളഗോഡിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബിഹാറിലേക്ക് കടന്ന 24കാരനായ ധീരജ് കുമാറിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ റീൽസ് ചിത്രീകരണവുമായി ബന്ധപ്പെട്ട നിരന്തര തർക്കവും ദാമ്പത്യ പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം 25നാണ് ഗേരൂപാള്യയിലെ വാടകവീട്ടിൽ കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ റീമാകുമാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞുവെച്ച് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷം വീട്ടിൽനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് റീമാകുമാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രണയിച്ച് വിവാഹിതരായ ഇരുവരും ഏകദേശം 10 മാസം മുമ്പാണ് ബിഹാറിൽനിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയത്. റീമാകുമാരി സോഷ്യൽ മീഡിയ റീൽസ് കാണുന്നതിനും ചിത്രീകരിക്കുന്നതിനും കൂടുതൽ സമയം ചെലവഴിച്ചിരുന്നത് ഇരുവരും തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിനുപുറമെ ബിഹാറിലേക്ക് തിരിച്ചുപോകണമെന്ന റീമയുടെ ആവശ്യവും കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ രൂക്ഷമാക്കിയതായി അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. സംഭവദിവസം ഇതേച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തുടർന്ന് ധീരജ് കുമാർ റീമാകുമാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിൽ ഉപേക്ഷിച്ചാണ് പ്രതി കടന്നുകളഞ്ഞത്.

പ്രതി ബിഹാറിലേക്ക് രക്ഷപ്പെട്ടതായി മനസ്സിലാക്കിയ കർണാടക പൊലീസ് സംഘം അന്വേഷണം വ്യാപിപ്പിച്ചു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി പിന്നീട് നക്സൽ ബാധിത മേഖലയായ കോഥിയയിലേക്ക് മാറി. തുടർന്ന് ബിഹാർ പൊലീസിൻ്റെ സഹായത്തോടെ കർണാടക പൊലീസ് സായുധ സംഘവുമായി നടത്തിയ നീക്കത്തിലാണ് ധീരജ് കുമാറിനെ പിടികൂടിയത്. പ്രതിയെ ബെംഗളൂരുവിലെത്തിച്ച ശേഷം കുമ്പളഗോഡ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിൻ്റെ സാഹചര്യങ്ങളും പ്രതിയുടെ മൊഴിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Related Posts