കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കണ്ടക്ടർ അരുൺ, ഡ്രൈവർ മിഥിലേഷ് എന്നിവരാണ് മരിച്ചത്. ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. റോഡിനു നടുവിലെ സൈൻബോർഡിൽ ഇടിച്ച് ബസിന് നിയന്ത്രണം വിടുകയായിരുന്നു. ഇന്ന് രാവിലെ 6.45ഓടെ ബിഡദി എക്സ്പ്രസ് വേയിൽ, ബെംഗളൂരുവിന് സമീപമാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ബസ് റോഡിൽ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് യാത്രക്കാർക്ക് പരിക്കേറ്റതോടെ സ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ പരുക്കേറ്റ യാത്രക്കാരെ വിടതി കെമ്പണ്ണാ ആശുപത്രിയിലും രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് ഡിപ്പോയുടെ ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടവിവരം അറിഞ്ഞതിനെ തുടർന്ന് എഐകെഎംസിസി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നുണ്ട്. പൊലീസും മറ്റ് രക്ഷാപ്രവർത്തകരും സ്ഥലത്ത് തുടരുകയാണ്. അപകടത്തെ തുടർന്ന് ബിഡദി എക്സ്പ്രസ് വേയിൽ ഗതാഗത തടസ്സവും നേരിട്ടു.


