2026–27 സീസണിലെ ജൂനിയർ ബോയ്സ് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് (ഡോ. ബി.സി. റോയ് ട്രോഫി) ഓഗസ്റ്റ് 25ന് ബെംഗളൂരുവിലും ഛത്തീസ്ഗഢിലെ നാരായൺപൂരിലും ആരംഭിക്കും. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 9 വരെയാണ് ടൂർണമെന്റ് നടക്കുക.
ടൂർണമെന്റിൻ്റെ ടയർ 1 മത്സരങ്ങൾ ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിലും, ടയർ 2 മത്സരങ്ങൾ നാരായൺപൂരിലെ ആർ.കെ.ആശ്രമ ഗ്രൗണ്ടിലുമാണ് നടക്കുന്നത്. ഇരുവിഭാഗങ്ങളിലുമായി 16 ടീമുകൾ വീതം നാല് ഗ്രൂപ്പുകളിലായി മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ സെമിഫൈനലിലേക്ക് യോഗ്യത നേടും.
കേരളം ഗ്രൂപ്പ് എയിൽ
ടയർ 1-ൽ മണിപ്പൂർ, കേരളം, തെലങ്കാന, അസം എന്നിവയാണ് ഗ്രൂപ്പ് എയിൽ. ഗ്രൂപ്പ് ബിയിൽ പശ്ചിമ ബംഗാൾ, പഞ്ചാബ്, കർണാടക, ചണ്ഡിഗഢ് ടീമുകളും ഗ്രൂപ്പ് സിയിൽ മിസോറം, മേഘാലയ, തമിഴ്നാട്, മഹാരാഷ്ട്ര ടീമുകളും ഗ്രൂപ്പ് ഡിയിൽ ഡൽഹി, ഗോവ, ഒഡിഷ, ഉത്തർപ്രദേശ് ടീമുകളും അണിനിരക്കും.
ബെംഗളൂരുവിൽ നടക്കുന്ന ടയർ 1 മത്സരങ്ങൾക്ക് ഓഗസ്റ്റ് 25ന് തുടക്കമാകും. സെപ്റ്റംബർ 1ന് ആദ്യ സെമിഫൈനലും സെപ്റ്റംബർ 7ന് രണ്ടാം സെമിഫൈനലും നടക്കും. ഫൈനൽ സെപ്റ്റംബർ 9ന് ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കും.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മണിപ്പൂരാണ് നിലവിലെ ജേതാക്കൾ. ഫൈനലിൽ പശ്ചിമ ബംഗാളിനെ 3–0ന് തോൽപ്പിച്ചാണ് മണിപ്പൂർ കിരീടം സ്വന്തമാക്കിയത്.